ആദ്യം കരാര്‍, പിന്നെ കമ്പനി; അനില്‍ അംബാനിയും വിമാന നിര്‍മ്മാതാക്കളും കരാര്‍ ഒപ്പിടുമ്പോള്‍ കമ്പനിയില്ല; റഫേല്‍ വിമാനങ്ങള്‍ മോദി അംബാനിക്കുവേണ്ടി വാങ്ങിയതാണെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

Share now

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ (എച്ച്എഎല്‍) ഒഴിവാക്കി, പകരം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ വന്‍ ക്രമക്കേട് നടന്നുവെന്നതിന് തെളിവുകള്‍ പുറത്തുവരുന്നു. 2015 മാര്‍ച്ച് 26ന് കരാര്‍ ഒപ്പിട്ടതിന് ശേഷം 28ന് മാത്രമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് രൂപം കൊണ്ടത്.

റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷനും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയും ഓഫ്‌സെറ്റ് കരാര്‍ സംബന്ധിച്ച ആദ്യ ധാരണാപത്രം ഒപ്പിടുന്ന വേളയില്‍, അംബാനിയുടെ കമ്പനി നിലവിലുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലും പുറത്തുവന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസില്‍ വച്ച് ഇടപാട് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് 15 ദിവസം മുന്‍പ്, 2015 മാര്‍ച്ച് 26നാണ് ഇരു കമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ പക്കലുള്ള രേഖ പ്രകാരം അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് രൂപം കൊണ്ടത് അതേ വര്‍ഷം മാര്‍ച്ച് 28നും.30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ (ഇടപാടിന്റെ ഭാഗമായി വിദേശ കമ്പനി ഇന്ത്യയില്‍ നടപ്പാക്കുന്ന അനുബന്ധ കരാര്‍) ആണു റിലയന്‍സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫ്‌സെറ്റ് കരാറായിരുന്നു ഇത്.

36 വിമാനങ്ങള്‍ക്കുള്ള ആകെ കരാര്‍ തുകയുടെ (59,000 കോടി രൂപ) ഏകദേശ പകുതി എന്ന കണക്കിലാണു ഓഫ്‌സെറ്റ് കരാര്‍ തുക നിശ്ചയിച്ചത്. റിലയന്‍സുമായി ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്നു പോലും എച്ച്എഎല്ലുമായി ഡാസോ ചര്‍ച്ച നടത്തിയിരുന്നു. 2015 മാര്‍ച്ച് 25ന് ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഡാസോ സിഇഒ: എറിക് ട്രപ്പിയര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

എച്ച്എഎല്ലും ഡാസോയും തമ്മിലുള്ള കരാറിന് അന്തിമരൂപമായെന്നും ഉടന്‍ ഒപ്പിടുമെന്നും അന്നത്തെ വ്യോമസേനാ മേധാവി, എച്ച്എഎല്‍ ചെയര്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ട്രപ്പിയര്‍ വ്യക്തമാക്കി. അതിന്റെ പിറ്റേന്നാണ് അതേ കരാര്‍ റിലയന്‍സുമായി ഡാസോ ഒപ്പിട്ടുവെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


Share now